ചങ്ങരംകുളം (മലപ്പുറം): തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവർക്ക് വിടയേകി ജന്മനാട്. മലപ്പുറം ജില്ലക്കാരായ മൂന്ന് പേർക്കാണ് ഇതുവരെ അപകടത്തിൽ ജീവൻ പൊലിഞ്ഞത്. കൊളത്തൂർ പടിഞ്ഞാറേക്കുളന്പ് നെടുംപറന്പിൽ സുബ്രഹ്മണ്യൻ (കുഞ്ഞൻ -51), എടപ്പാൾ തറക്കൽ സ്വദേശി ചൊങ്ങലത്തേൽ വിജയൻ (57), ആലംകോട് അട്ടേക്കുന്ന് താമസിച്ചിരുന്ന പള്ളിയാലിൽ പറന്പിൽ മണികണ്ഠൻ (60) എന്നിവരാണ് മരിച്ചത്.
എടപ്പാൾ മൂതൂർ സ്വദേശിയായ ബാബു ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ മരിച്ച ചങ്ങരംകുളം സ്വദേശി മണികണ്ഠന്റെ പിതൃസഹോദരന്റെ മകളുടെ ഭർത്താവാണ് സുബ്രഹ്മണ്യൻ. സുബ്രഹ്മണ്യന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. 30 വർഷത്തോളമായി പടക്ക നിർമാണ മേഖലയിൽ ജോലി ചെയ്ത് വരുന്ന വ്യക്തിയായിരുന്നു. ഭാര്യ :റീന. മക്കളില്ല. സഹോദരങ്ങൾ: അയ്യപ്പൻ, കുഞ്ഞാടി, നീലി, കാളി, കാർത്ത്യായനി, ദേവു, പരേതയായ കോച്ചി.
പൊന്നാനി പൊതുശ്മശാനത്തിലാണ് മണികണ്ഠന്റെയും വിജയന്റെയും മൃതദേഹം സംസ്കരിച്ചത്. വൈകാരികമായ രംഗങ്ങൾക്കാണ് വീടും നാടും സാക്ഷ്യം വഹിച്ചത്. കൽപ്പണിക്കാരനായിരുന്ന മണികണ്ഠൻ സീസണ് സമയങ്ങളിൽ മാത്രം വെടിക്കെട്ട് നിർമാണ പ്രവൃത്തികൾക്ക് പോകുന്നയാളാണ്. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ഉഷയാണ് മണികണ്ഠന്റെ ഭാര്യ. മകൾ: രേഷ്മ. മരുമകൻ: ദിവ്യരാജ്.
അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് വിജയന്റെ കുടുംബം. സരസ്വതിയാണ് ഭാര്യ. എടപ്പാൾ ബ്ലോക്ക് സെക്രട്ടറിയും പൊന്നാനി ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സന്ദീപ്, സിന്ധുജ എന്നിവർ മക്കളും അനീഷ് മരുമകനുമാണ്.